പ്രിയ കലാം, നീയാരായിരുന്നു എനിക്ക്?
പ്രിയപ്പെട്ട കലാം, നീയാരായിരുന്നു എനിക്ക്?
കിതയ്ക്കുന്ന ഇന്ത്യയ്ക്ക് നീയൊരു കലപ്പ
ചന്ദ്രയാന്‍ നടത്തിയ മാധവന് ഗുരു!
ശാസ്ത്രസത്യങ്ങള്‍ നീ വിവരിച്ചു,
നിന്റെ പുസ്തകങ്ങള്‍ അഗ്നിച്ചിറകിലേറി
ലോകം മുഴുവന്‍ സഞ്ചരിച്ചു
നിന്റെ വാക്കുകള്‍ക്ക് പൂതിസുഗന്ധം!
നിന്റെ മുടിക്കെന്തേ ഇത്ര പ്രത്യേകത?
എന്തേ, ഷാമ്പൂ തേച്ച പോലെ അവ തിളങ്ങാന്‍?
എന്തേ, അറിവിന്റെ വെളിച്ചം പോലെ അവ വെളുക്കാന്‍?
എന്തേ, ഇഴകള്‍ ചിലപ്പോള്‍ കണ്ണുകള്‍ മൂടാന്‍?
കുട്ടികള്‍ക്ക് നീയൊരു ചാച്ചാനെഹ്രു
അവരെ നീ പഠിപ്പിച്ചു, അവര്‍ക്ക് പൂന്തോട്ടമൊരുക്കി
അവരുടെ കിളുന്ത് മനസുകളിലേക്ക് നീ
അറിവിന്റെ മധുരാമൃതം ഇറ്റിച്ചുകൊടുത്തു!
രാഷ്ട്രത്തിന്റെ നട്ടെല്ലേ, രാഷ്ട്രീയത്തിലെ ഒറ്റവാക്കേ
എന്നിട്ടും നിനക്ക് ഈ ഗതി വന്നല്ലോ?
അമേരിക്കയിലെ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് നിന്നെ
ദേഹപരിശോധന നടത്തിയല്ലോ, കഷ്ടം.
ഇലകള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ ഉതിര്‍ന്നുവീഴും പോലെ
നിന്റെ ഷൂസ് ആ കശ്മലന്മാര്‍ അഴിച്ചിട്ടു.
നിന്റെ ആശയവിനിമയോപാധിയായ ഫോണിനെ
തള്ളിക്കടത്തി, അവര്‍ ലേസര്‍ യന്ത്രത്തിലൂടെ
ഗാന്ധിയെ പോലെ, ക്രിസ്തുവിനെ പോലെ
ബുദ്ധനെ പോലെ, ജൈനമതാചാര്യനെ പോലെ,
ഇലയെ പോലെ, എറുമ്പിനെ പോലെ,
നീ ക്ഷമിച്ചു, സര്‍വം സഹയായ ഭൂമീദേവിയെ പോലെ.
ഇല്ല ഞങ്ങളിത് വിടില്ല, ഞങ്ങള്‍ ആര്‍ത്തിരമ്പും
അമേരിക്കയുടെ നെഞ്ചില്‍ ഇന്ത്യയുടെ പതാക നാട്ടും വരെ
ഞങ്ങള്‍ക്ക് വിശ്രമമില്ല, നിന്നെ ദേഹപരിശോധന നടത്തി
അപമാനിച്ച വിമാനങ്ങളെ ഞങ്ങള്‍ തപസ്സു കൊണ്ട് വീഴ്ത്തും.
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയെ നിഷ്ഠൂരം ദേഹപരിശോധന നടത്തിയ
കോണ്ടിനെന്റല്‍ എയര്‍ലൈസേ, അമേരിക്കേ,
നിങ്ങള്‍ ഓര്‍ക്കുക, ഓര്‍മകള്‍ ഉണ്ടായിരിക്കട്ടെ,
സൂര്യനസ്തമിക്കാത്ത നാട്ടുകാരെ ഞങ്ങള്‍ ഓടിച്ചത്.
ആയുധവും പന്തവും കുന്തവും പതാകയുമായി
ഞങ്ങളുടെ പട വരും, ഓടിപ്പൊയ്ക്കൊള്‍ക
ഇല്ലെങ്കില്‍, പ്രിയ രാഷ്ട്രപതിയെ നിങ്ങള്‍ ചെയ്തത് ഞങ്ങളും ചെയ്യും,
ദേഹപരിശോധന, ദേഹത്തില്‍ ഒറ്റ വസ്ത്രം ഉണ്ടാവില്ല, ഓര്‍മ്മവേണം..
(കലാമിനെ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് അപമാനിച്ച വിവരം ടൈംസ് നൌവില്‍ കണ്ടയുടന്‍ എഴുതിയത്. വരൂ, വായനക്കാരാ. നമ്മുടെ മുന്‍ രാഷ്ട്രപതിക്ക് വേണ്ടി നമുക്കും തെരുവിലിറങ്ങാം, അമേരിക്ക നശിക്കട്ടെ!)
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍